നിയമസഭ അംഗത്വം റദ്ദാക്കുന്ന കാര്യത്തിൽ കെഎം ഷാജിക്കെതിരെ എടുത്ത നടപടിതന്നെയാകും കാരാട്ട് റസാഖിന്റെ കാര്യത്തിലും നടപ്പിലാക്കുക എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. നിയമപരമായ ഒരു ബാധ്യത മാത്രമാണ് വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. കാരാട്ട് റസാഖിന്റെ നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ അനുവദിച്ചിരിക്കുകയാണ്. ഇതിനുള്ളിൽ ഒരു അനുകൂലവിധി ലഭിക്കുന്നില്ലെങ്കിൽ റസാഖിനെതിരെ ഷാജിയുടെ കാര്യത്തിൽ എടുത്ത നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15, 16 തീയതികളിൽ ദുബായിൽ നടക്കുന്ന ലോക കേരളസഭമേഖല സമ്മേളനത്തിന് ഒരുക്കങ്ങളുടെ അവലോകനയോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വിഷയത്തിൽ സ്പീക്കർ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.